പേജുകള്‍‌

2011 ഫെബ്രുവരി 26, ശനിയാഴ്‌ച

ജന്മദിനസമ്മാനം



"ജന്മദിനങ്ങള്‍ നിലനില്‍പിന്റെ ഓര്‍മകളാണല്ലോ ? ആരുടെയെങ്കിലും ആശംസകളാണ് നാം ജീവിച്ചിരിക്കുന്നു എന്ന് ഓര്‍മപ്പെടുത്തുന്നത്."നുരഞ്ഞ് പതയുന്ന സോഡയൊഴിച്ച വിസ്കി ഗ്ലാസ്സിനു മുന്നില്‍ സണ്ണി വിഷാദച്ഛായയിലാണ്.
"രണ്ടു പെഗ്ഗടിച്ചാല്‍ വിഷാദം.മൂന്നാമത്തേതിന് കരച്ചിലും മൂക്കുപിഴിച്ചിലും. നിനക്കൊരു മാറ്റവുമില്ലല്ലോ സണ്ണീ.....''ഞാന്‍ അവന്റെ മാനസികാവസ്ഥയില്‍ മാറ്റത്തിന് ശ്രമിച്ചു.
"എനിക്കെന്നാ വിഷാദം ? ഹാപ്പിയല്ലേ ? ഹാപ്പി. യു നോ റ്റുഡേ ഈസ് മൈ ബത്ഡേ......” സണ്ണിയുടെ ചിരിയില്‍ കൃത്രിമത്വം നിഴലിച്ചു.
"ആ .........ഇംഗ്ലീഷിന്റ അസ്കിതയ്ക്കും മാറ്റമില്ലല്ലേ ?''ഞാന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. ഒരഭിനയം!
ചിരി നിര്‍ത്തിയപ്പോള്‍ അവന്‍ എന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്. പാവം!
ഓര്‍മകളില്‍ തെളിയുന്ന കാലം.
സണ്ണി, ജീവിതത്തെ ഫണ്ണിയായി കണ്ടവന്‍! ആരെയും കൊതിപ്പിക്കുന്ന ആകാരസൌഭഗം. ഏറ്റവും മികച്ച അവതരണശൈലിയ്ക്ക് ഉടമ.വിശേഷണങ്ങള്‍ ഇനിയുമൊത്തിരി.
ഭാര്യ അമ്പിളി അതിസുന്ദരി, വശ്യമനോഹരി! കുട്ടികള്‍ രണ്ടു കൊച്ചുമിടുക്കര്‍.
സൌഹൃദങ്ങളെ പരിപോഷിപ്പിച്ച ഗൃഹാന്തരീക്ഷം. കൂട്ടുകാരുടെ സമ്മേളനങ്ങളാല്‍ മുഖരിതമായ വീട്. മദ്യത്തിന്റെ അകമ്പടിയില്‍ പാട്ടും മേളവുമാര്‍ന്ന ജീവിതോത്സവം!
സണ്ണിയുടെ ജീവിതത്തെ അസൂയയോടെ നോക്കിക്കണ്ട നാളുകള്‍! അസൂയകൊണ്ടോ എന്തോ കൂട്ടുകാര്‍ക്ക് നല്‍കുന്ന അതിസ്വാതന്ത്ര്യത്തെ കുറിച്ച് ഞാനെപ്പോഴും മുന്നറിയിപ്പ് നല്‍കിയിരുന്നു. മറുപടി അവന്റെ കുറ്റപ്പെടുത്തലുകളായിരുന്നു.
"എടാ, നീ മാത്രമേ എന്റെ വീട്ടില്‍ വന്ന് ഒന്ന് കൂടാതെ പോകുന്നുള്ളൂ. നീ ശരിയല്ലെടാ.....ശരിയല്ല.”
ഒടുവില്‍ ഒരു ജന്മദിനത്തിലാണെന്ന് തോന്നുന്നു അമ്പിളിയുടെ പലായനം. അതും ഒരു സുഹൃത്തുമൊന്നിച്ച്. പിന്നീട് എല്ലാ ജന്മദിനത്തിലും സണ്ണി വന്നു. പാലിക്കാതെ പോയ എന്റെ ഉപദേശത്തിന് നന്ദി പറയാന്‍!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ