കടല്‍വെള്ളത്തില്‍ നനഞ്ഞ കാവിമുണ്ടുടുത്ത് കയ്യിലെ ഓലക്കുട്ടയില്‍ പൊടിമീനും തൂക്കി തോര്‍ത്തുമുണ്ട് തലയില്‍ കെട്ടി പരിക്ഷീണനായി വരുന്ന ആറടിക്കാരന്‍ ചിന്നപ്പനെ കണ്ട് കറിയാ മുതലാളി ഗൂഢമായി രസിച്ചു.ആത്മസാക്ഷാത്ക്കാരത്തോടെ അയാള്‍ ചിന്നപ്പനെ നോക്കിക്കൊണ്ടേ നിന്നു.
"ഹും! ഒരു കുടുംബക്കാരന്‍! കര്‍ത്താവെനിക്ക് ഇത് കാണിച്ചുതന്നല്ലാ..... "അയാള്‍ മുകളിലേക്ക് നോക്കി കൃതജ്ഞതാ സ്തോത്രം ചെയ്തു.
രണ്ടു തലമുറയ്ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ അപ്പന്‍ പറഞ്ഞത് പല്ലിറുമ്മിക്കൊണ്ട് അയാള്‍ ഓര്‍ത്തു. 'കടലീ പോയി നല്ല മീന്‍ കിട്ടിയാലും പെണ്ണിനെ കെട്ടിക്കൊണ്ടു വന്നാലും തറവാട്ടീ കൊണ്ടു കാഴ്ച വെയ്ക്കണം.കുടികിടപ്പുകാരന്റെ ഭാര്യ പ്രസവിച്ചു കിടക്കാനും അനുവദിക്കാത്തവന്മാര്.'
വീണുകിടന്ന രണ്ട് തേങ്ങ എടുത്തതിന് ഇവന്റെ അപ്പാപ്പന്‍ അപ്പനെ തെങ്ങില്‍ കെട്ടിയിട്ട് തല്ലിയത് മരിച്ചാലും മറക്കില്ല.പത്തിരുപതിനായിരം തേങ്ങ കൂട്ടിയിടുന്ന തറവാട്ടില്‍ രണ്ടു തേങ്ങയ്ക്ക് കുടിയാനെ തല്ലി പരിഹസിച്ച പരിഷകള്‍!
ആ തറവാട് പുതുക്കിപ്പണിത് കോലായിലെ കോച്ചിയില്‍ കാലിന്മേല്‍ കാലു കയറ്റിക്കിടന്ന നിമിഷങ്ങളെ കറിയ ആത്മഹര്‍ഷത്തോടെ ഓര്‍ത്തു.
"മുതലാളി, കറിയ്ക്ക് അരക്കാന്‍ ഒരു തേങ്ങ കിട്ടിയിരുന്നെങ്കി.... "ചിന്നപ്പന്‍ തല ചൊറിഞ്ഞ് നില്‍ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ