പേജുകള്‍‌

2011 ഫെബ്രുവരി 26, ശനിയാഴ്‌ച

ജന്മദിനസമ്മാനം



"ജന്മദിനങ്ങള്‍ നിലനില്‍പിന്റെ ഓര്‍മകളാണല്ലോ ? ആരുടെയെങ്കിലും ആശംസകളാണ് നാം ജീവിച്ചിരിക്കുന്നു എന്ന് ഓര്‍മപ്പെടുത്തുന്നത്."നുരഞ്ഞ് പതയുന്ന സോഡയൊഴിച്ച വിസ്കി ഗ്ലാസ്സിനു മുന്നില്‍ സണ്ണി വിഷാദച്ഛായയിലാണ്.
"രണ്ടു പെഗ്ഗടിച്ചാല്‍ വിഷാദം.മൂന്നാമത്തേതിന് കരച്ചിലും മൂക്കുപിഴിച്ചിലും. നിനക്കൊരു മാറ്റവുമില്ലല്ലോ സണ്ണീ.....''ഞാന്‍ അവന്റെ മാനസികാവസ്ഥയില്‍ മാറ്റത്തിന് ശ്രമിച്ചു.
"എനിക്കെന്നാ വിഷാദം ? ഹാപ്പിയല്ലേ ? ഹാപ്പി. യു നോ റ്റുഡേ ഈസ് മൈ ബത്ഡേ......” സണ്ണിയുടെ ചിരിയില്‍ കൃത്രിമത്വം നിഴലിച്ചു.
"ആ .........ഇംഗ്ലീഷിന്റ അസ്കിതയ്ക്കും മാറ്റമില്ലല്ലേ ?''ഞാന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. ഒരഭിനയം!
ചിരി നിര്‍ത്തിയപ്പോള്‍ അവന്‍ എന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്. പാവം!
ഓര്‍മകളില്‍ തെളിയുന്ന കാലം.
സണ്ണി, ജീവിതത്തെ ഫണ്ണിയായി കണ്ടവന്‍! ആരെയും കൊതിപ്പിക്കുന്ന ആകാരസൌഭഗം. ഏറ്റവും മികച്ച അവതരണശൈലിയ്ക്ക് ഉടമ.വിശേഷണങ്ങള്‍ ഇനിയുമൊത്തിരി.
ഭാര്യ അമ്പിളി അതിസുന്ദരി, വശ്യമനോഹരി! കുട്ടികള്‍ രണ്ടു കൊച്ചുമിടുക്കര്‍.
സൌഹൃദങ്ങളെ പരിപോഷിപ്പിച്ച ഗൃഹാന്തരീക്ഷം. കൂട്ടുകാരുടെ സമ്മേളനങ്ങളാല്‍ മുഖരിതമായ വീട്. മദ്യത്തിന്റെ അകമ്പടിയില്‍ പാട്ടും മേളവുമാര്‍ന്ന ജീവിതോത്സവം!
സണ്ണിയുടെ ജീവിതത്തെ അസൂയയോടെ നോക്കിക്കണ്ട നാളുകള്‍! അസൂയകൊണ്ടോ എന്തോ കൂട്ടുകാര്‍ക്ക് നല്‍കുന്ന അതിസ്വാതന്ത്ര്യത്തെ കുറിച്ച് ഞാനെപ്പോഴും മുന്നറിയിപ്പ് നല്‍കിയിരുന്നു. മറുപടി അവന്റെ കുറ്റപ്പെടുത്തലുകളായിരുന്നു.
"എടാ, നീ മാത്രമേ എന്റെ വീട്ടില്‍ വന്ന് ഒന്ന് കൂടാതെ പോകുന്നുള്ളൂ. നീ ശരിയല്ലെടാ.....ശരിയല്ല.”
ഒടുവില്‍ ഒരു ജന്മദിനത്തിലാണെന്ന് തോന്നുന്നു അമ്പിളിയുടെ പലായനം. അതും ഒരു സുഹൃത്തുമൊന്നിച്ച്. പിന്നീട് എല്ലാ ജന്മദിനത്തിലും സണ്ണി വന്നു. പാലിക്കാതെ പോയ എന്റെ ഉപദേശത്തിന് നന്ദി പറയാന്‍!

2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച

കുടുംബക്കാരന്‍


കടല്‍വെള്ളത്തില്‍ നനഞ്ഞ കാവിമുണ്ടുടുത്ത് കയ്യിലെ ഓലക്കുട്ടയില്‍ പൊടിമീനും തൂക്കി തോര്‍ത്തുമുണ്ട് തലയില്‍ കെട്ടി പരിക്ഷീണനായി വരുന്ന ആറടിക്കാരന്‍ ചിന്നപ്പനെ കണ്ട് കറിയാ മുതലാളി ഗൂഢമായി രസിച്ചു.ആത്മസാക്ഷാത്ക്കാരത്തോടെ അയാള്‍ ചിന്നപ്പനെ നോക്കിക്കൊണ്ടേ നിന്നു.
"ഹും! ഒരു കുടുംബക്കാരന്‍! കര്‍ത്താവെനിക്ക് ഇത് കാണിച്ചുതന്നല്ലാ..... "അയാള്‍ മുകളിലേക്ക് നോക്കി കൃതജ്ഞതാ സ്തോത്രം ചെയ്തു.
രണ്ടു തലമുറയ്ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ അപ്പന്‍ പറഞ്ഞത് പല്ലിറുമ്മിക്കൊണ്ട് അയാള്‍ ഓര്‍ത്തു. 'കടലീ പോയി നല്ല മീന്‍ കിട്ടിയാലും പെണ്ണിനെ കെട്ടിക്കൊണ്ടു വന്നാലും തറവാട്ടീ കൊണ്ടു കാഴ്ച വെയ്ക്കണം.കുടികിടപ്പുകാരന്റെ ഭാര്യ പ്രസവിച്ചു കിടക്കാനും അനുവദിക്കാത്തവന്മാര്.'
വീണുകിടന്ന രണ്ട് തേങ്ങ എടുത്തതിന് ഇവന്റെ അപ്പാപ്പന്‍ അപ്പനെ തെങ്ങില്‍ കെട്ടിയിട്ട് തല്ലിയത് മരിച്ചാലും മറക്കില്ല.പത്തിരുപതിനായിരം തേങ്ങ കൂട്ടിയിടുന്ന തറവാട്ടില്‍ രണ്ടു തേങ്ങയ്ക്ക് കുടിയാനെ തല്ലി പരിഹസിച്ച പരിഷകള്‍!
ആ തറവാട് പുതുക്കിപ്പണിത് കോലായിലെ കോച്ചിയില്‍ കാലിന്മേല്‍ കാലു കയറ്റിക്കിടന്ന നിമിഷങ്ങളെ കറിയ ആത്മഹര്‍ഷത്തോടെ ഓര്‍ത്തു.
"മുതലാളി, കറിയ്ക്ക് അരക്കാന്‍ ഒരു തേങ്ങ കിട്ടിയിരുന്നെങ്കി.... "ചിന്നപ്പന്‍ തല ചൊറിഞ്ഞ് നില്‍ക്കുന്നു.

2011 ഫെബ്രുവരി 17, വ്യാഴാഴ്‌ച

ആരോഗ്യകേരളം


സ്കൂളിന് അകത്ത് എന്താ ഒരു ബഹളം ?
കുറേയാളുകള്‍ കൂടി നില്‍ക്കുന്നുണ്ട്.ആരൊക്കെയോ കയര്‍ത്തു സംസാരിക്കുന്നു.അധ്യാപകര്‍ മൌനികളായി തലതാഴ്ത്തി നില്‍ക്കുന്നു.
അടുത്തു ചെന്ന് നോക്കാം.
"നിങ്ങള്‍ക്കറിയാമോ എന്റെ മക്കളെ എങ്ങനെയാണ് ഞാന്‍ നോക്കുന്നതെന്ന്.ഇവിടെ ചേര്‍ത്തതുമുതല്‍ കാറിലും ഓട്ടോയിലുമൊക്കെയാണ് ഞാന്‍ അവരെ വിടുന്നത്.വിയര്‍ത്ത് നാറാതെ ക്ലാസ്സിലിരിക്കാനാണ് അതെല്ലാം.” അയാള്‍ അഭിമാനത്തോടെ എല്ലാവരെയും നോക്കി.പിന്നെ തുടര്‍ന്നു.
"ഇപ്പം പത്താം ക്ലാസ്സിലായപ്പോ ഈ ഗ്രൌണ്ടിലിട്ട് ഓടിച്ച് എന്റെ മകള്‍........... അയ്യോ! ഞാനിതെങ്ങനെ സഹിക്കും?”
തനിക്കരികില്‍ വാടിത്തളര്‍ന്ന ചേമ്പില പോലെ തൂങ്ങി നിന്ന മകളെ ചേര്‍ത്തു നിര്‍ത്തി അയാള്‍ വിതുമ്പി.
"ഇയാടെ മകളെ നിങ്ങളെന്തു ചെയ്തു ? "ക്രൂദ്ധനായി, അരികില്‍ കണ്ട മാഷിനോട് ഞാന്‍ തട്ടിക്കയറി.
"എന്റെ സുഹൃത്തേ, കുട്ടികള്‍ക്ക് കായികക്ഷമതാ പരിശോധന നടത്തിയതാണ്.എല്ലാരേം ഈ കൊച്ചു ഗ്രൌണ്ടിലൊന്ന് ഓടിച്ചു. ഒരു റൌണ്ടിന് മുമ്പ് ദേ എല്ലാം തല കറങ്ങി തളര്‍ന്ന് കിടക്കുന്നു. ഞങ്ങളെന്തു ചെയ്യാനാ.”
മാഷ് ചൂണ്ടിക്കാണിച്ച വരാന്തയിലേക്ക് ഞാന്‍ ദൃഷ്ടി പായിച്ചു. കടും നീല ടൈ അണിഞ്ഞ, കൊഴുത്തുരുണ്ട കോമളന്മാരും കോമളാംഗനകളും പരിക്ഷീണരായി, ശ്വാസമെടുക്കാനാവാതെ അവിടെക്കിടന്ന് കിതയ്ക്കുന്നു.
പെട്ടെന്ന് ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞെത്തി. ഡോക്ടര്‍മാരും നഴ്സുമാരും മരുന്നകളും ഓക്സിജന്‍ സിലിണ്ടറുകളുമായി കുട്ടികളെ എഴുന്നേല്‍പ്പിക്കാനുള്ള തീവ്രശ്രമം തുടങ്ങി.
നാലു കിലോമീറ്റര്‍ അപ്പുറമുള്ള സ്കൂളിലേക്ക് പത്തു പതിനഞ്ച് മിനിറ്റുകൊണ്ട് ഓടിക്കയറിയ ബാല്യത്തെ ഓര്‍ത്തുകൊണ്ട് മാനക്കേടു കൊണ്ടു മനം നൊന്ത ഞാന്‍ അവിടം വിട്ട് ഓടിപ്പോയി.

2011 ഫെബ്രുവരി 16, ബുധനാഴ്‌ച

തൊഴിലുറപ്പ് സന്ധ്യ



ഒരു തൊഴിലുറപ്പ് ദിനത്തിന്റെ അന്ത്യത്തിലാണ് രമണി അത് ചോദിച്ചത്.
“അല്ല , നമ്മുടെ കെട്ടിയവന്മാരാണെങ്കില്‍ പണീം കഴി‍ഞ്ഞ് ഇതുപോലിങ്ങനെ കേറി വരുമോ?”
“കൊള്ളാം.നാലു കാലിലായിരിക്കും.” ത്രേസ്യ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.
“അപ്പോ നമുക്കുമില്ലേ ക്ഷീണം? അവര്‍ക്കു മാത്രമേയുള്ളോ?” രമണി ചിറി കോട്ടി.
“അതിപ്പം നമുക്ക് ഈ പണീം കഴിഞ്ഞ് ക്ഷീണോം അവര്‍ക്ക് ' മരുന്നിന് ' കാശും! അത്രന്നേ.” മോളി ഒരു തത്ത്വം പറഞ്ഞതു പോലെ നോക്കി.എല്ലാവരും തല കുനിച്ച് ശരി വച്ചു.
“ങാ... അതാ ഞാന്‍ പറഞ്ഞേ.നമ്മുടെ ക്ഷീണമെങ്കിലും ഒന്നു മാറ്റണ്ടേ ? ” രമണി വീണ്ടും അവരെ പിടിച്ച് തന്റെ പാളത്തിലേക്കിട്ടു.
“അതെങ്ങനെ ?” എല്ലാവരും തമ്മില്‍ തമ്മില്‍ നോക്കി.
“ വഴിയുണ്ട്. നിങ്ങള് നില്ല്. ഞാന്‍ വന്നിട്ട് പോകാം. ” രമണി പെട്ടെന്ന് നടന്ന് നീങ്ങി. അടുത്തുള്ള ഒഴിച്ചുകൊടുപ്പ് കേന്ദ്രത്തില്‍ നിന്നും ഒരെണ്ണം സംഘടിപ്പിച്ചു.
വലിയ തോടിന്റെ കരയില്‍ വട്ടം വളഞ്ഞിരുന്ന് പെണ്‍പട ഈരണ്ടെണ്ണം കഴിച്ചു.
“ ഹാവൂ..... നല്ല രസം..... ചുമ്മാതല്ല ഇവമ്മാര് സ്ഥിരം അടിക്കണത്.” തെയ്യാമ്മച്ചേടത്തി എഴുന്നേറ്റ് നിന്ന് ഒന്ന് ആടി.
“ ശരിയാ...... ഒരാള്‍ക്ക് മാത്രം ബോധമില്ലാണ്ടാവണതിനേലും നല്ലത് ഇതാണ്. വഴക്കുമില്ല ! പിള്ളേര്‍ക്കും കൂടി കുറച്ച് കൊണ്ടുപോകാം. അപ്പോ എല്ലാരും ഹാപ്പി ! ”
ആനന്ദനൃത്തം ആടിക്കുഴഞ്ഞ് എല്ലാരും 'കുടി'കളിലേക്ക് !

2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

ആറിയ കഞ്ഞി


ഹോട്ടല്‍ മെനുവിലെ മുന്തിയ ഇനം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു.കാത്തിരിപ്പ് ഇപ്പോള്‍ ശീലമായിരിക്കുന്നു. കുറേ കാര്യങ്ങള്‍ ഓര്‍ക്കാനും ഓര്‍ക്കാതിരിക്കാനുമുള്ള നേരം.
വെയിറ്റര്‍ ഭവ്യതയോടെ വിളമ്പിയ വിഭവങ്ങള്‍ ആസ്വദിക്കാനുള്ള സ്വസ്ഥത നഷ്ടമായിരുന്നു.അഞ്ചു പേരുടെ പാത്രങ്ങളിലായി അമ്മ പങ്കിട്ട കഞ്ഞിയുടെ ആവി, ചുട്ട പപ്പടത്തിന്റെ ഹൃദ്യമായ മണം, ബാക്കിയായ വിശപ്പിന്റെ ദൈന്യം ...............
അരവയറുമായി മക്കളും മക്കള്‍ക്കായി ഒഴിച്ചിട്ട വയറുമായി അമ്മയും.............
പഴയതോര്‍ക്കാതെ മക്കള്‍
ഒന്നും മറക്കാതെ അമ്മയും
സമൃദ്ധിയുടെ നടുവിലും പട്ടിണി ശീലമാക്കിയ അമ്മയ്ക്കു കഴിക്കാനാവാത്ത വിഭവങ്ങള്‍.......
വെറുപ്പ് തോന്നി.ടിപ്പ് അടക്കം പണം കൊടുത്ത് അമ്മയ്ക്ക് അരികിലേക്ക്......
കുറച്ച് കഞ്ഞി പകരാന്‍ ഇനിയുമാക്കൈകള്‍ ചലിക്കുമോ?

2010 സെപ്റ്റംബർ 19, ഞായറാഴ്‌ച

പുറം ചൊറിയുന്നവര്‍


അന്നുമുഴുവന്‍ ഹോട്ടലിനു് മുന്നില്‍ ക്യൂ ആയിരുന്നു.എല്ലാവരും പരിചിതരും പ്രശസ്തരും.
ഒരിടത്തും ക്യൂ നിന്ന് കാണാത്തവര്‍!
അഭ്രപാളികളില്‍ മിന്നിത്തെളിഞ്ഞ് വിലസുന്നവര്‍!
അമ്പമ്പോ!ഇവരെന്താ ഇങ്ങനെ തിരക്കുകൂട്ടുന്നത്?"മൂക്കത്ത് വിരലുവെച്ച് ജനങ്ങളും തടിച്ചുകൂടി.
* * * * * * * * * *
നീറ്റല്‍ സഹിക്കാനാവാതെ ജൂറി അംഗം ഉടുപ്പൂരിമാറ്റി.കണ്ണാടിയിലൂടെ മുതുക് നോക്കി വിഷമിച്ചു.
"ഇതൊരപാര ചൊറിച്ചിലായിപ്പോയല്ലോ,ദൈവമേ! മാന്തിക്കീറി പൊളിച്ചുകളഞ്ഞിരിക്കുന്നു. ശവങ്ങള്!
അതുവരെ അനുഭവിച്ച സുഖങ്ങള്‍ അദ്ദേഹം മറന്നു.
അപ്പോഴേക്കും അവാര്‍ഡ് മോഹികളെല്ലാം അടുത്ത ഹോട്ടലിനു മുന്നിലെ ക്യൂവിനു മുന്നിലേക്ക് മാറിക്കഴിഞ്ഞിരുന്നു.

2010 സെപ്റ്റംബർ 18, ശനിയാഴ്‌ച

പുതുമകളില്ലാത്ത ലോകം

ഈ ഭൂമി എത്ര സുന്ദരമാണ്.പൂക്കളും തുമ്പികളും കിളികളും............ആടും മേടും കാടും.........
അരുവികളുടെ കളകളാരവം ............കിളികളുടെ കളകൂജനങ്ങള്‍.................
കാടിന്റെ വന്യസംഗീതം.................
ഇതെല്ലാം എന്നാണ് മനുഷ്യന് നഷ്ടപ്പെടുന്നത്?
അധികം വൈകില്ലെന്ന് അറിയുന്നു...........അറിയിക്കുന്നു....................
അതിനാല്‍ തിരക്കുകളുടെ ഈ ലോകത്തില്‍
പുതുമകളുടെ ഇതളുകള്‍ വിടര്‍ത്തൂ........................
ജീവിതം ആനന്ദപൂര്‍ണമാക്കൂ........................................