ഒരു തൊഴിലുറപ്പ് ദിനത്തിന്റെ അന്ത്യത്തിലാണ് രമണി അത് ചോദിച്ചത്.
“അല്ല , നമ്മുടെ കെട്ടിയവന്മാരാണെങ്കില്‍ പണീം കഴിഞ്ഞ് ഇതുപോലിങ്ങനെ കേറി വരുമോ?”
“കൊള്ളാം.നാലു കാലിലായിരിക്കും.” ത്രേസ്യ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.
“അപ്പോ നമുക്കുമില്ലേ ക്ഷീണം? അവര്‍ക്കു മാത്രമേയുള്ളോ?” രമണി ചിറി കോട്ടി.
“അതിപ്പം നമുക്ക് ഈ പണീം കഴിഞ്ഞ് ക്ഷീണോം അവര്‍ക്ക് ' മരുന്നിന് ' കാശും! അത്രന്നേ.” മോളി ഒരു തത്ത്വം പറഞ്ഞതു പോലെ നോക്കി.എല്ലാവരും തല കുനിച്ച് ശരി വച്ചു.
“ങാ... അതാ ഞാന്‍ പറഞ്ഞേ.നമ്മുടെ ക്ഷീണമെങ്കിലും ഒന്നു മാറ്റണ്ടേ ? ” രമണി വീണ്ടും അവരെ പിടിച്ച് തന്റെ പാളത്തിലേക്കിട്ടു.
“അതെങ്ങനെ ?” എല്ലാവരും തമ്മില്‍ തമ്മില്‍ നോക്കി.
“ വഴിയുണ്ട്. നിങ്ങള് നില്ല്. ഞാന്‍ വന്നിട്ട് പോകാം. ” രമണി പെട്ടെന്ന് നടന്ന് നീങ്ങി. അടുത്തുള്ള ഒഴിച്ചുകൊടുപ്പ് കേന്ദ്രത്തില്‍ നിന്നും ഒരെണ്ണം സംഘടിപ്പിച്ചു.
വലിയ തോടിന്റെ കരയില്‍ വട്ടം വളഞ്ഞിരുന്ന് പെണ്‍പട ഈരണ്ടെണ്ണം കഴിച്ചു.
“ ഹാവൂ..... നല്ല രസം..... ചുമ്മാതല്ല ഇവമ്മാര് സ്ഥിരം അടിക്കണത്.” തെയ്യാമ്മച്ചേടത്തി എഴുന്നേറ്റ് നിന്ന് ഒന്ന് ആടി.
“ ശരിയാ...... ഒരാള്‍ക്ക് മാത്രം ബോധമില്ലാണ്ടാവണതിനേലും നല്ലത് ഇതാണ്. വഴക്കുമില്ല ! പിള്ളേര്‍ക്കും കൂടി കുറച്ച് കൊണ്ടുപോകാം. അപ്പോ എല്ലാരും ഹാപ്പി ! ”
ആനന്ദനൃത്തം ആടിക്കുഴഞ്ഞ് എല്ലാരും 'കുടി'കളിലേക്ക് !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ