സ്കൂളിന് അകത്ത് എന്താ ഒരു ബഹളം ?
കുറേയാളുകള്‍ കൂടി നില്‍ക്കുന്നുണ്ട്.ആരൊക്കെയോ കയര്‍ത്തു സംസാരിക്കുന്നു.അധ്യാപകര്‍ മൌനികളായി തലതാഴ്ത്തി നില്‍ക്കുന്നു.
അടുത്തു ചെന്ന് നോക്കാം.
"നിങ്ങള്‍ക്കറിയാമോ എന്റെ മക്കളെ എങ്ങനെയാണ് ഞാന്‍ നോക്കുന്നതെന്ന്.ഇവിടെ ചേര്‍ത്തതുമുതല്‍ കാറിലും ഓട്ടോയിലുമൊക്കെയാണ് ഞാന്‍ അവരെ വിടുന്നത്.വിയര്‍ത്ത് നാറാതെ ക്ലാസ്സിലിരിക്കാനാണ് അതെല്ലാം.” അയാള്‍ അഭിമാനത്തോടെ എല്ലാവരെയും നോക്കി.പിന്നെ തുടര്‍ന്നു.
"ഇപ്പം പത്താം ക്ലാസ്സിലായപ്പോ ഈ ഗ്രൌണ്ടിലിട്ട് ഓടിച്ച് എന്റെ മകള്‍........... അയ്യോ! ഞാനിതെങ്ങനെ സഹിക്കും?”
തനിക്കരികില്‍ വാടിത്തളര്‍ന്ന ചേമ്പില പോലെ തൂങ്ങി നിന്ന മകളെ ചേര്‍ത്തു നിര്‍ത്തി അയാള്‍ വിതുമ്പി.
"ഇയാടെ മകളെ നിങ്ങളെന്തു ചെയ്തു ? "ക്രൂദ്ധനായി, അരികില്‍ കണ്ട മാഷിനോട് ഞാന്‍ തട്ടിക്കയറി.
"എന്റെ സുഹൃത്തേ, കുട്ടികള്‍ക്ക് കായികക്ഷമതാ പരിശോധന നടത്തിയതാണ്.എല്ലാരേം ഈ കൊച്ചു ഗ്രൌണ്ടിലൊന്ന് ഓടിച്ചു. ഒരു റൌണ്ടിന് മുമ്പ് ദേ എല്ലാം തല കറങ്ങി തളര്‍ന്ന് കിടക്കുന്നു. ഞങ്ങളെന്തു ചെയ്യാനാ.”
മാഷ് ചൂണ്ടിക്കാണിച്ച വരാന്തയിലേക്ക് ഞാന്‍ ദൃഷ്ടി പായിച്ചു. കടും നീല ടൈ അണിഞ്ഞ, കൊഴുത്തുരുണ്ട കോമളന്മാരും കോമളാംഗനകളും പരിക്ഷീണരായി, ശ്വാസമെടുക്കാനാവാതെ അവിടെക്കിടന്ന് കിതയ്ക്കുന്നു.
പെട്ടെന്ന് ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞെത്തി. ഡോക്ടര്‍മാരും നഴ്സുമാരും മരുന്നകളും ഓക്സിജന്‍ സിലിണ്ടറുകളുമായി കുട്ടികളെ എഴുന്നേല്‍പ്പിക്കാനുള്ള തീവ്രശ്രമം തുടങ്ങി.
നാലു കിലോമീറ്റര്‍ അപ്പുറമുള്ള സ്കൂളിലേക്ക് പത്തു പതിനഞ്ച് മിനിറ്റുകൊണ്ട് ഓടിക്കയറിയ ബാല്യത്തെ ഓര്‍ത്തുകൊണ്ട് മാനക്കേടു കൊണ്ടു മനം നൊന്ത ഞാന്‍ അവിടം വിട്ട് ഓടിപ്പോയി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ